Vilayur - General Info
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന വിളയൂര്‍ പഞ്ചായത്തിനെ പുഴയോരപ്രദേശം, സമതലപ്രദേശം, ചെരിവുപ്രദേശം, കുന്നിന്‍പ്രദേശം എന്നിങ്ങനെ നാലായി തരംതിരിക്കാം. പഞ്ചായത്തിലെ മഴ വെള്ളത്തിന്റെ 85% വും കുന്തിപ്പുഴയിലാണ് ചെന്നുചേരുന്നത്. നിരവധി കുന്നുകള്‍ പഞ്ചായത്തിലുണ്ട്. വടക്ക് കുന്തിപ്പുഴയും തെക്ക്- കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തും, കിഴക്ക്-കുലുക്കല്ലൂര്‍ പഞ്ചായത്തും, പടിഞ്ഞാറ്-കുന്തിപ്പുഴ, തിരുവേഗപ്പുറ പഞ്ചായത്തുമാണ് വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍. പഞ്ചായത്തിന്റെ 15% പ്രദേശത്തും ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണാണ്. ബാക്കി പ്രദേശത്ത് വെട്ടുകല്ലും പാറയും കാണപ്പെടുന്നു. മൂന്ന് വിളകളിലായി 619 ഹെക്ടര്‍ നെല്ലും, 20 ഹെക്ടറില്‍ പയറും, 15 ഹെക്ടറില്‍ എള്ളും, 40 ഹെക്ടറില്‍ പച്ചക്കറിയും, 335 ഹെക്ടറില്‍ തെങ്ങും, 40 ഹെക്ടറില്‍ വാഴയും, 35 ഹെക്ടറില്‍ മരച്ചീനിയും, 22 ഹെക്ടറില്‍ കുരുമുളകും, 2 ഹെക്ടറില്‍ പ്ളാവും, 65 ഹെക്ടറില്‍ കശുമാവും, 150 ഹെക്ടറില്‍ റബ്ബറും, 65 ഹെക്ടറില്‍ മാവും, 145 ഹെക്ടറില്‍ കവുങ്ങുമാണ് ഈ പഞ്ചായത്തില്‍ കൃഷി ചെയ്യപ്പെടുന്ന പ്രധാന വിളകള്‍. പഞ്ചായത്തിലൂടെ ഒഴുകുന്ന കുന്തിപ്പുഴയും, 215 കുളങ്ങളും എല്‍.ഐ.എസ് തുടിക്കല്‍ കനാലുമാണ് വിളവൂരിന്റെ പ്രധാന ജലസ്രോതസ്സുകള്‍. കൃഷിയാവശ്യങ്ങള്‍ക്ക് ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി ബ്ളോക്കിലാണ് വിളയൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ലാണ് വിളയൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. 17.78 ച.കി.മീ വിസ്തൃതിയുള്ളതാണ് ഈ പഞ്ചായത്ത്. 20674-ഓളം വരുന്ന ജനസംഖ്യയില്‍ 10920 പേര്‍ സ്ത്രീകളും 9754 പേര്‍ പുരുഷന്‍മാരുമാണ്. പഞ്ചായത്തിലെ സാക്ഷരതാനിരക്ക് 94 ശതമാനമാണ്. ഈ പഞ്ചായത്തിന്റെ പ്രധാന കുടിവെള്ളസ്രോതസ്സ് കിണറുകളാണ്. 3045 പൊതുകിണറുകളും, 351 പൊതുകുടിവെള്ളടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകളും ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. 168 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വഴികളിലൂടെയുള്ള രാത്രിസഞ്ചാരം സുഗമമാക്കുന്നു. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും മരമില്ലുകള്‍, അരിമില്ലുകള്‍ തുടങ്ങിയ ചെറുകിടവ്യവസായങ്ങളും അടയ്ക്ക വ്യാപാരം, മരവ്യവസായം തുടങ്ങിയ ഇടത്തരം വ്യവസായങ്ങളും പപ്പടം, മണ്‍പാത്രം, പനമ്പ്, കുട്ട, ഓലക്കുട, തഴപ്പായ, കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള അനുകൂല സാഹചര്യങ്ങളാണ് വിളയൂര്‍ പഞ്ചായത്തിലുള്ളത്. പഞ്ചായത്തില്‍ ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. വിളയൂര്‍ പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് എഴുത്തുപള്ളിക്കൂടങ്ങള്‍. പില്‍ക്കാലത്ത് സ്കൂളുകളായി രൂപാന്തരം സംഭവിച്ച പല വിദ്യാലയങ്ങളുടേയും തുടക്കം ഈ എഴുത്തുപള്ളിക്കൂടങ്ങളാണ്. 1909-ലാണ് പേരടിയൂരിലുള്ള എഴുത്തുപള്ളിക്കൂടത്തിന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുന്നത്. ഇത് ഈ ഗ്രാമത്തിന്റെ വിദ്യഭ്യാസചരിത്രത്തിലെ നാഴികക്കല്ലാണ്. നിലവില്‍ ഈ പഞ്ചായത്തില്‍ 2 സര്‍ക്കാര്‍ സ്കൂളുകളും, 10-സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളും ഉണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബലഫിയ അറബിക് കോളേജാണ് വിളയൂര്‍ ഗ്രാമത്തിലെ ഏക കോളേജ്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെറ്റിനറി ഡിസ്പെന്‍സറി വിളയൂരില്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ ഒരു ഉപകേന്ദ്രവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. കെ.എസ്.ഇ.ബി യുടെ കൂരാച്ചി ഓഫീസ്, ഉദയപുരം ടെലഫോണ്‍ എക്സ്ചേഞ്ച്, 4-തപാലാപ്പീസുകള്‍, 1 സബ് രജിസ്റ്റാര്‍ ഓഫീസ്, കൃഷിഭവന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയാണ് പഞ്ചായത്തിലെ മറ്റു സര്‍ക്കാര്‍ കാര്യാലയങ്ങള്‍. കാനറാ ബാങ്കിന്റെ കരിങ്ങനാട് ബ്രാഞ്ച്, കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കൂരാച്ചിപ്പടി ശാഖ, ഈവനിംഗ് ബ്രാഞ്ച് വിളയൂര്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും വിളയൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരിന്തല്‍മണ്ണ-പട്ടാമ്പി സ്റ്റേറ്റ്ഹൈവേ, വളാഞ്ചരി-പുലാമന്തോള്‍ റോഡ് എന്നിവയാണ് വിളയൂരിലൂടെ കടന്നു പോകുന്ന പ്രധാന റോഡുകള്‍. പട്ടാമ്പി ബസ്സ് സ്റ്റാന്റ്, പുലാമന്തോള്‍ ബസ്സ് സ്റ്റാന്റ്, കൊപ്പം ബസ്സ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന മൂന്ന് സ്ഥലങ്ങള്‍. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രക്കായി ആശ്രയിക്കുന്നത് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയാണ്. പട്ടാമ്പി റെയില്‍വേ സ്റ്റേഷനാണ് ഗ്രാമത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള തുറമുഖം. പഞ്ചായത്തിലെ പ്രധാന ജലഗതാഗത കേന്ദ്രങ്ങള്‍ പുലാമന്തോള്‍-ഭൂതത്താന്‍കോട്ട, പാറക്കടവ്, ആന്താരക്കടവ്, കാരാങ്കടവ്, ആലിക്കപ്പള്ള്യാന്‍ എന്നിവയാണ്. പുലാമന്തോള്‍ പാലമാണ് വിളയൂര്‍ പഞ്ചായത്തിലെ പ്രധാനപാലം. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 10 ക്ഷേത്രങ്ങളും, 8 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് വിളയൂര്‍ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ ഉത്സവങ്ങള്‍ക്കും ജനങ്ങള്‍ ജാതി-മത ഭേദമെന്യേ ഒത്തു കൂടുന്നു. പ്രദേശത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ് കളരിക്കല്‍ ആറാട്ട്, കല്ലറക്കോട് ശിവക്ഷേത്രത്തിലെ തൈപ്പൂയാഘോഷം, വിളങ്ങോട്ടു കാവുത്സവം, ഉറുണിയന്‍ പുലാവ് നേര്‍ച്ച മുതലായവ. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കുഞ്ഞുമൊയ്തീന്‍ ഹാജി, കര്‍ഷകസമര രക്തസാക്ഷിയായ സെയ്താലിക്കുട്ടി, സ്വാതന്ത്ര്യസമരസേനാനി ശങ്കരമേനോന്‍, മുന്‍ പഞ്ചായത്ത്പ്രസിഡന്റ് എം.പി.വാസുദേവമേനോന്‍ എന്നിവര്‍ വിളയൂര്‍ ഗ്രാമത്തിന്റെ മണ്‍മറഞ്ഞുപോയ മഹാരഥന്മാരാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് പേരടിയൂരുള്ള ഗ്രന്ഥശാലയുള്‍പ്പെട്ട ഗ്രാമികസന്നദ്ധസംഘടന നവശക്തി സാംസ്കാരിക നിലയം, യുവത, ജനഭേരി തുടങ്ങിയവ പഞ്ചായത്തിലെ കായികരംഗത്തെ പരിപോഷിപ്പിക്കുന്ന പ്രധാന സംഘടനകളാണ് കെ.എഫ്.സി, എന്‍.പവര്‍, ഇന്‍ഡിപ്പെന്‍ഡന്‍സ്, അഭിലാഷ് എന്നീ സ്പോര്‍ട്സ് ക്ളബുകള്‍. വിളയൂര്‍ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ് പഞ്ചായത്ത് സാംസ്കാരികനിലയം. ഈ ഗ്രാമത്തിന്റെ കലാ-കായിക-സാംസ്കാരിക വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഈ സ്ഥാപനങ്ങള്‍ കൂടാതെ പഞ്ചായത്ത് ഗ്രന്ഥശാല, പി.വി.കെ സ്മാരക ഗ്രന്ഥശാല, എന്‍.പി. പരമേശ്വരന്‍ നായര്‍ സ്മാരക ഗ്രന്ഥശാല എന്നീ 3 ഗ്രന്ഥശാലകളും പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. വിളയൂര്‍ ഗ്രാമത്തില്‍ ഒരു സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും, അതിന്റെ 5 ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ പഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത പഞ്ചായത്താണ് വിളയൂര്‍. 2007-ല്‍ നിര്‍മ്മല്‍ പുരസ്കാരവും, പ്രകൃതിവിഭവ സംരക്ഷണ അവാര്‍ഡും ഈ പഞ്ചായത്ത് നേടിയിട്ടുണ്ട്. 2008-ല്‍ മലയാളമനോരമയുടെ സുകൃത കേരളം അവാര്‍ഡ്. 2009-ല്‍ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഓലമേഞ്ഞ വീടുകളില്ലാത്ത പഞ്ചായത്ത് എന്ന സവിശേഷതയും വിളയൂരിനുണ്ട്.