VILAYUR PANCHAYATH

Vilayur

കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തില്‍പ്പെട്ട മലബാറിലെ വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂര്‍. 1962 ല്‍ വിളയൂര്‍പഞ്ചായത്ത് നിലവില്‍ വന്നു. 1963 ല്‍ പ്രഥമ തിരെഞ്ഞടുപ്പും നടന്നു. പുഴയുടെ സാമീപ്യമുള്ളതുകൊണ്ടാണ് വിളയൂര്‍ എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. മറ്റേതൊരു വള്ളുവനാടന്‍ ഗ്രാമം പോലെ തന്നെ ഇവിടെയും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ആഘോഷങ്ങളുടെ പിന്നിലും ഐതിഹ്യങ്ങളും പഴയങ്കഥകളും കെട്ടുപിണഞ്ഞു കിടക്കുന്നു. നല്ല വിളവുണ്ടാകാനും, കൃഷിഭൂമിയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കുവാനുമായി വിചിത്രമായ ഒരാചാരം പഞ്ചായത്തില്‍ നിലനിന്നിരുന്നതിന്റെ തെളിവാണ് ചളംബ്രയിലെ മാളം കോട്ടയില്‍ കാണുന്നതായ രൂപങ്ങള്‍.പന്തീര്‍കുലത്തിലെ ഭ്രാന്തന്റെ ഐതിഹ്യവുമായി ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടികയറ്റിയ മലയും ദേവീദര്‍ശനം ലഭിച്ചെന്നു പറയുന്ന മലയും വിളയൂരിന്റെ മണ്ണിലും കൂടി വ്യാപിച്ചു കിടക്കുന്നു. നാറാണത്തു ഭ്രാന്തന്റെ പിന്‍തലമുറക്കാരെ നമുക്ക് ഇന്നുമിവിടെ കണ്ടെത്താനാകും. പ്രസിദ്ധമായ ചെറുമുക്കു മനയും ഈ ഗ്രാമത്തിലാണ്. പ്രസ്തുത മനയിലെ വല്ലഭന്‍ സോമയാജിപ്പാടും അദ്ദേഹത്തിനുമുമ്പുള്ള തലമുറയും വൈദിക കാലഘട്ടത്തില്‍ നടത്തിയിരുന്ന യാഗങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചിരുന്നു. 1975 ല്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിലും എറണാകുളത്തു നടന്ന പുത്രകാമേഷ്ടി യാഗത്തിലും ഇവര്‍ പ്രമുഖ പങ്ക് വഹിച്ചിരുന്നു.ഹിന്ദുക്കളും, മുസ്ളീകളും ഇടതിങ്ങി പാര്‍ക്കുന്ന ഈ ഉള്‍നാടന്‍ ഗ്രാമത്തില്‍ അമ്പലങ്ങളുടെ ഉത്സവത്തിനും പള്ളികളുടെ നേര്‍ച്ചകള്‍ക്കും സമസ്ത സഹവര്‍ത്തിത്വം നില നിര്‍ത്തുന്നു. ഭാരതപ്പുഴയുടെ ഒരു പോഷകനദിയായ കുന്തിപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയോട് അടുത്ത് കിടക്കുന്ന ഒരു പഞ്ചായത്താണ് വിളയൂര്‍. പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കുന്തിപ്പുഴ പാലക്കാട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് കുന്തിപ്പുഴയും അതിനോട് ചേര്‍ന്ന് കിടക്കുന്നത് മലപ്പുറം ജില്ലയുടെ പുലാമന്തോള്‍, മൂര്‍ക്കനാട് എന്നീ പഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് കുലുക്കല്ലൂര്‍ പഞ്ചായത്തും തെക്കുഭാഗത്ത് കൊപ്പം, തിരുവേഗപ്പുറം പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.1924-ല്‍ പൂര്‍ത്തിയായ വിളയൂരിനും പുലാമന്തോളിനും ഇടക്ക് കുന്തിപ്പുഴക്കുവിലങ്ങനെ നിര്‍മ്മിച്ച പാലമാണ് പാലക്കാട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഈ പാലം സമീപ പ്രദേശങ്ങളിലെ ഏറ്റവും ഉയരം കൂടിയ പാലമാണ്.പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ചളമ്പറക്കുന്ന്, മയിലുകളെ കാണപ്പെടുന്ന പ്രകൃതിരമണീയമായ പ്രദേശമാണ്. വിളയൂര്‍ പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 17.78 ച. കി.മീറ്ററാണ്. ഈ പഞ്ചായത്തിന്റെ 6 കി.മീറ്ററോളം ഭാഗം കുന്തിപ്പുഴയുടെ തീരപ്രദേശമാണ്. ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ വിളയൂര്‍ പഞ്ചായത്തിന്റെ കൃഷിയിടങ്ങളില്‍ ജലലഭ്യതയനുസരിച്ച് തേയിലയൊഴികെ കേരളത്തിലെ മറ്റെല്ലാ കൃഷികള്‍ക്കും അനുയോജ്യമായ മണ്ണാണ് ഉളളത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകള്‍ എല്ലാം വടക്കു പടിഞ്ഞാറോട്ടൊഴുകി കുന്തിപ്പുഴയില്‍ ചെന്നുചേരുന്നു. കാര്‍ഷികമേഖലയില്‍ സെന്‍ട്രല്‍ സോണ്‍, മിഡ്ലാന്റ് സോണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് വിളയൂര്‍. അതുകൊണ്ടുതന്ന നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് പ്രധാന വിളകള്‍.