വിളയൂർ: പട്ടാമ്പി-പെരിന്തൽമണ്ണ പാതയിലെ പുലാമന്തോൾ പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ( ആർ ബി ഡി സി ) ഡിസംബർ ഏഴിനാണ് ടോൾ പിരിവ് അവസാനിപ്പിക്കുന്നത്.
നിലവിലുണ്ടായിരുന്ന പാലം തകർന്നതിനെ തുടർന്ന് 2002-ൽ 3.47 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിൽ 2004-ലാണ് ടോൾ പിരിവ് ആരംഭിച്ചത്. 15 വർഷത്തിനിടെ 13 കരാറുകാർ ടോൾ പിരിവിന്റെ കരാർ കൈമാറ്റം ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതൽ നാലു മാസത്തേക്കാണ് അവസാനമായി സ്വകാര്യ വ്യക്തിക്ക് കരാർ പുതുക്കി നൽകിയത്. ഇതിന്റെ കാലാവധി 15 ദിവസത്തേക്ക് ദീർഘിപ്പിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല.
രണ്ടരക്കോടിയോളം രൂപയാണ് ഇതിനകം ടോൾ ഇനത്തിൽ പിരിഞ്ഞു കിട്ടിയത് എന്നാണ് കണക്കുകൾ. ടോൾ പിരിവ് നിർത്താൻ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് തകർക്കുകയും പ്രവർത്തകർ ജയിൽവാസം അനുഭവിക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. പ്രതിഷേധങ്ങൾക്കൊടുവിൽ നിർബന്ധിത ടോൾ പിരിവ് അവസാനിപ്പിച്ചിരുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്തിലെ വാഹനങ്ങൾ തടഞ്ഞു നിർത്താനുളള ലിപിങ് ബാരിയർ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.
റോഡ് നവീകരണം പൂർത്തിയാവുകയും ടോൾബൂത്ത് എടുത്ത് കളയുകയും ചെയ്യുന്നതോടെ യാത്രികർക്ക് ഏറെ സൗകര്യവും കൈവരും. തകർന്ന റോഡിലൂടെയുള്ള ദുരിതയാത്രക്കൊടുവിൽ ടോൾ ബൂത്ത് കൂടി കാണുന്നതോടെ യാത്രികരുടെ രോഷം ഇരട്ടിയായിരുന്നു. ടോൾ പിരിവിന്റെ പേരിൽ ഇടത് വലത് മുന്നണികൾ ഉന്നയിച്ചിരുന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും ഇതോടെ അവസാനമാകും
കടപ്പാട് : ഏഷ്യാനെറ്റ്